തികച്ചും വ്യത്യസ്തമായ രചനാ ശൈലികൊണ്ട് മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തിയ സാഹിത്യകാരനാണ് സിവി ശ്രീരാമൻ. സമൂഹ മനസ്സാക്ഷിയെ ധാർമികതയുടെ കോടതിയിൽ കയറ്റി വിചാരണ ചെയ്യുന്ന കഥയാണ് സാക്ഷി.
മനുഷ്യ ജീവിതത്തെ ഏറ്റവും സങ്കടകരമാക്കുന്ന വ്യവസ്ഥകളെയും നിയമങ്ങളെയും ശീലങ്ങളെയും ഈ കഥ നിർദയം വിചാരണ ചെയ്യുന്നു.ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു സ്ത്രീയുടെ ധർമ്മസങ്കടത്തിന്റെ കൈപ്പ് ഈ കഥയിലൂടെ നീളം കാണാം. മറ്റു അർത്ഥത്തിൽ ഈ കഥ തൊഴിൽ രംഗത്ത് സംജാതമായി കൊണ്ടിരിക്കുന്ന മൂല്യ തകർച്ചയെയും തുറന്നു കാണിക്കുന്നു. അഴിമതിയും അലസതയും സ്വജനപക്ഷപാതവും തുടങ്ങിയ സാധാരണക്കാരൻ സമകാലിക സർക്കാർ ഓഫീസുകളിൽ നേരിടുന്ന ദുരവസ്ഥകളെ പാഠം അനാവരണം ( ചിത്രീകരിക്കുന്നു ) ചെയ്യുന്നു.
വിവാഹമെന്ന പവിത്രമായ ആചാരത്തിനും കുടുംബം എന്ന വ്യവസ്ഥിതിക്കും വർത്തമാനകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം ഈ കഥ പ്രമേയവൽക്കരിക്കുന്നു. കഥയിൽ ദമ്പതിമാരുടെ പേരുകൾ തന്നെ ശ്രദ്ധേയമാണ്. ലോകത്തിനു മാതൃകയായ ഉമ്മ മഹേശ്വരന്മാരുടെ പേരുകൾ കഥാപാത്രങ്ങൾക്ക് നൽകിയത് യാദൃശ്ചികമല്ല! കണ്ണു മൂടി കെട്ടിയ കോടതികൾക്ക് സാക്ഷമൊഴികളാണ് പ്രധാനം. നിരവധി പേരുടെ മുന്നിൽ വച്ച് ആചാരപ്രകാരം വിവാഹിതയായവളാണ് ഉമ. എങ്കിലും ആരും സാക്ഷിയില്ലാത്ത അവസ്ഥ.
സത്യത്തിന് സാക്ഷിയാവാൻ താല്പര്യമില്ലാത്ത, താല്പര്യമുണ്ടെങ്കിലും സാഹചര്യം അനുവദിക്കാത്ത സമൂഹത്തിന്റെ പ്രതിനിധികളായി ഈ കഥയിലെ സാക്ഷികളെല്ലാം മാറുന്നു. സാക്ഷികളെ ഉണ്ടായിട്ടും സാക്ഷിയായി ആരുമില്ലാത്ത പോകുന്ന കഥക്ക് ' സാക്ഷി ' എന്ന തലക്കെട്ട് ഏറെ അനുയോജ്യമാണ്.
ഈ കഥയിലെ ഉമ്മ എന്ന പേര് പ്രശ്നങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീ സമൂഹത്തെ പ്രതീകവൽക്കരിക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് വൻ നഗരങ്ങളിലേക്ക് ചേക്കേറിയവർക്ക് ഇത്തരം ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരാറുണ്ട്. ഗ്രാമ ജീവിതത്തിലെ കൂട്ടായ്മകൾക്കോ സ്നേഹബന്ധങ്ങൾക്കോ നഗരത്തിൽ സ്ഥാനമില്ല!. ജീവിത പ്രതിസന്ധികളെ ഏകാകിയായി നേരിടേണ്ടി വരുന്ന ആധുനിക സമൂഹത്തിന്റെ പ്രതിനിധിയാണ് ഉമ്മ.
സമൂഹത്തിലെ മൂല്യച്യുതികൾക്ക് നേരെയുള്ള ശക്തമായ താക്കീതായി പാഠഭാഗം മാറുന്നു. സമകാലിക ഉദ്യോഗ വൃന്ദത്തിന്റെ അലംഭാവം എത്രമാത്രം ദൈന്യമായ അവസ്ഥകളിലേക്കാണ് സാധാരണക്കാരനെ കൊണ്ടെത്തിക്കുന്നതെന്ന് പാഠം തുറന്നുകാട്ടുന്നു. ഇവിടെ കഥയൊരു സാമൂഹിക വിമർശനം കൂടിയായി മാറുന്നു. പ്രശ്നങ്ങളുടെ നടുക്കടിയിൽ ഇരിപ്പുറത്തുപോയ ഉമയന്ന സ്ത്രീ അനേകായിരം സാധാരണക്കാരുടെ പ്രതിനിധി കൂടിയാണ്. വൈകാരികമായ അവതരണങ്ങളിലൂടെ വായനക്കാരിൽ ഗുണാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉപയുക്തമാണ് പാഠഭാഗം