ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാൻ മലയാളകവിതയുടെ കാൽപനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്.
ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. 'ആശയ ഗംഭീരൻ', 'സ്നേഹ ഗായകൻ' എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.മഹാകാവ്യം എഴുതാതെ മഹാകവിയായ ആശാന്റെ ജീവിതത്തെയും കാവ്യസംഭാവനകളെയും വിലയിരുത്തുന്ന ലേഖനമാണ് എം.ആർ.ബിയുടെ ആശാൻ എന്ന മാനി(അഭിമാനി) എന്ന ലേഖനം.
കുമാരനാശാൻ ജീവിതകാലത്തു വേണ്ടവിധത്തിൽ അംഗീകരിക്കപെടാതെ പോയ ഹതഭാഗ്യവാനാണെന്ന് ലേഖകൻ നിരീക്ഷിക്കുന്നു,ആശാന്റെ തന്നെ കാവ്യമായ ഗ്രാമവൃക്ഷത്തിലെ കുയിൽ - അംഗീകരിക്കപ്പെടാതെ പോവുന്ന ആത്മാവിന്റെ നൊമ്പരങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ആശാൻ കവിതകളിലെ സത്യസന്ധമായ ജീവിത നിരീക്ഷണങ്ങളും,തത്വചിന്തകളുമാണ് മരണ ശേഷവും കാലാതീതനായ കവിയാക്കി അദ്ദേഹത്തെയും അനശ്വരമായ(മരണമില്ലാത്ത) കാവ്യങ്ങളാക്കി അദ്ദേഹത്തിന്റെ കൃതികളെയും മാറ്റിയതെന്ന് കാണാം.“സ്നേഹമാണഖിലസാരമൂഴിയിൽ” എന്നു പാടിയ മഹാകവി, സ്വാതന്ത്ര്യം തന്നെ അമൃതം/സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്കു/ മൃതിയെക്കാൾ ഭയാനകം എന്നും അദ്ദേഹം പാടിയിട്ടുണ്ട്.
"ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ"
എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്ന ഈ കാവ്യം ആശാന് അനശ്വര കീർത്തി സമ്മാനിച്ചു.
ആശാന്റെ കവിതകളുടെ അടിസ്ഥാനം സ്നേഹമാണ്. നളിനി-മനുഷ്യന്റെ നിസ്സഹായതയുടെയും സ്നേഹത്തിന്റെ ഉജ്ജ്വല ഭാവങ്ങളെയും അവതരിപ്പിക്കുന്നു, ലീലയിൽ മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് മദനന്റെയും ലീലയുടെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.
, സീത, സാവിത്രി, , മാതംഗി, ഉപഗുപ്തൻ, മദനൻ, ആനന്ദൻ, ബുദ്ധൻ, വാസവദത്ത തുടങ്ങിയ ആശാൻ കഥാപാത്രങ്ങളെല്ലാം സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ് അവതരിപ്പിക്കുന്നത്.ജീവിതത്തിന്റെ ആത്യന്തികമായ അർഥം സ്നേഹമാണെന്ന് ഇവർ ജീവിതംകൊണ്ട് തെളിയിക്കുന്നു.ആശാൻ എന്ന കവിയുടെ വ്യക്തിജീവിതത്തിലും ഈ സ്നേഹപ്രഭ വിളങ്ങിനിൽക്കുന്നു. സ്നേഹം തന്നെയാണ് ജീവിതമെന്നും സ്നേഹരാഹിത്യം മരണം തന്നെയാണെന്നും തന്റെ കവിതകളിലുടനീളം കവി സമർഥിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് ആശാൻ കവിതയിലെ ദർശനം
ബുദ്ധമതം ആശാനെ വളരെയേറെ സ്വാധീനിച്ചു. ബുദ്ധമതത്തിലെ പല സമത്വ ചിന്തയടക്കമുള്ള പല ആശയങ്ങളും ഹിന്ദു മതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം “ചണ്ഡാലഭിക്ഷുകി “, “കരുണ “, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാതിആചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ഈ കൃതികളിലൂടെയെല്ലാം അദ്ദേഹം ശ്രമിക്കുന്നത്.
വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ് ദുരവസ്ഥ വരച്ചു കാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം.സമൂഹത്തിൽനിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയോ അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം.
ആശാന്റെ അതിപ്രശസ്തമായ വിലാപകാവ്യമാണ് പ്രരോദനം. തന്റെ ഗുരുവും വഴികാട്ടിയുമായ A.R രാജരാജ വർമ്മയുടെ മരണത്തെ തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണത്. 'കണ്ണീർതുള്ളിയടക്കം' മലയാള സാഹിത്യലോകത്ത് വിലാപകാവ്യ പ്രസ്ഥാനം വളരാൻതന്നെ ഈ കൃതി കാരണമായി.ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്.
മലയാള കവിതാലോകത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്ന കാലത്താണ് 1924 ജനുവരി 16-ന് പല്ലനയാറ്റിൽ റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ അന്തരിച്ചത്.സമൂഹത്തില്‍ നിലനിന്നു പോന്ന അനാചാരങ്ങള്‍ക്കെതിരെ ഒരു ജനതയെ ഉണര്‍ത്തിയ ആശാന്‍ വരികള്‍ എക്കാലവും പ്രസക്തി നേടുന്നവയാണ്.
"' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താൻ ....''
എന്ന് തന്റെ തൂലികയിലൂടെ പ്രഖ്യാപിച്ച കവി മലയാള സാഹിത്യലോകത്തു തന്നെ ഒരു പുതു പാത വെട്ടിതുറക്കുകയായിരുന്നു.ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയാണ് കുമാരനാശാൻ എന്ന് പറയാം.നവോത്ഥാനകവിയെന്ന അതുല്യ സിംഹാസനം നല്‍കി സാംസ്‌കാരിക കേരളം ഇദ്ദേഹത്തെ ആദരിക്കുന്നുണ്ട്.ബംഗാളി കവിതയിൽ നിന്നും ടാഗോറിനെ പോൽ മലയാളത്തിന്റെ അഭിമാനമായാണ് ലേഖകൻ ആശാനെ കാണുന്നത്.വഴിമുട്ടിനിന്ന മലയാള കവിതയ്ക്ക് പുതുവഴി തുറന്ന് മോചനം നൽകിയ മഹാകവിയാണ് കുമാരനാശാൻ. ആശാൻ കവികളുടെ മഹാകവിയായിരുന്നു.