Pages

8,9,10 ക്ലാസ്സുകളിലെ അടിസ്ഥാനപാഠാവലി, കേരള പാഠാവാലിയുടെയും മുഴുവൻ നോട്ടുകളുടെയും ഒരു എളിയ ശേഖരമാണ് ഈ ബ്ലോഗ്. Stay tuned ✨

Saturday

സൗഹൃദം

 (ഖലീൽ ജിബ്രാൻ)



സ്‌നേഹിതനെന്നാല്‍ നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമെന്നാണര്‍ത്ഥം.സ്‌നേഹം വിതയ്ക്കുവാനും കൃതജ്ഞത കൊയ്യുവാനുമുള്ള നിന്റെ നിലമാകുന്നു നിന്റെ സ്‌നേഹിതന്‍.ആത്മാവുകളുടെ സൗഹൃദത്തിന്‌ മറ്റൊരു ലക്ഷ്യങ്ങളുമുണ്ടാകാതിരിക്കട്ടെ. നിന്റെ ആഹാരവും നിന്റെ നെരിപ്പോടും നിന്റെ സ്‌നേഹിതനാണ്‌. നിന്റെ ആത്മാവിന്റെ വിശപ്പും ദാഹവും അറിയിക്കാന്‍ നീ അവനെ തിരയുന്നു .
നിന്റെ സ്‌നേഹിതന്‍ അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന 'ഇല്ല'കളെ നീ ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല. 
നിനക്ക്‌ ഏറ്റവും മഹത്തായിതോന്നുന്നതെല്ലാം നിന്റെ സ്‌നേഹിതനുള്ളതാകട്ടെ. നിന്നിലെ വേലിയിറക്കം അവന്‍ അറിയുന്നുവെങ്കില്‍ നിന്നിലെ വെള്ളപ്പൊക്കവും അവനറിയട്ടെ..
നിന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരലാണ്‌, അല്ലാതെ നിന്റെ ശൂന്യത നിറയ്‌ക്കലല്ല നിന്റെ സുഹൃത്തിന്റെ നിയോഗമെന്നറിയുക.
സൗഹൃദത്തില്‍ വിചാരങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും മോഹങ്ങളും വാക്കുകളുടെ അണിയൊച്ചൊരുക്കുകളില്ലാതെ ജനിക്കുന്നു. കള്ളത്തരമില്ലാത്ത ആനന്ദത്തോടെ അതു പങ്കുവെക്കപ്പെടുകയും ചെയ്യുന്നു.



നിന്റെ സ്‌നേഹിതനില്‍ നിന്നും വേര്‍പെടുമ്പോള്‍ നീ ദു:ഖിക്കാതിരിക്കുക. അവനില്‍ നീ എന്താണാവോ ഏറ്റവുമധികം സ്‌നേഹിക്കുന്നത്‌ അത് അവന്റെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും. പര്‍വതാരോഹകന്‌ പര്‍വതത്തിന്റെ മുകള്‍ഭാഗം സമതലങ്ങളില്‍ നിന്നും കൂടുതല്‍ ദൃശ്യമാകും പോലെ. സ്വന്തം നിഗൂഢതകളുടെ വെളിപ്പെടുത്തലല്ലാതെ മറ്റെന്തെങ്കിലും തേടുന്ന സ്‌നേഹം സ്‌നേഹമേ അല്ല. അത്‌ ഒരു വല മാത്രമാകുന്നു. വിലകെട്ടവ മാത്രമേ അതില്‍ കുടുങ്ങുകയുള്ളൂ. വെറുതെ നേരം കൊല്ലാനുള്ള ദീര്‍ഘമായ മണിക്കൂറുകളുമായി തെരയാനാണെങ്കില്‍ അത്തരം സൗഹൃദമെന്തിനാണ്‌? ജീവിക്കാനുള്ള സമയവുമായി അതിനെ തെരയുക.
സൗഹൃദത്തിന്റെ മധുരിമയില്‍ ചിരികളും സുഖങ്ങളും പങ്കുവെയ്ക്കലുകളുമുണ്ടായിരിക്കട്ടെ. കൊച്ചുകാര്യങ്ങളുടെ മഞ്ഞുതുള്ളികളില്‍ ഹൃദയം എന്നും പുലരികള്‍ ദര്‍ശിക്കട്ടെ.

Wikipedia

Search results