മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി ലേഖനത്തിൽ ലേഖനത്തിൽ നടനും സംവിധായകനുമായ പ്രകാശ് രാജിൻ്റെ ചിന്തകളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.ആഗോളവത്കരണത്തിൻ്റെയും ഇംഗ്ലീഷ് ഭാഷയുടെ അതിപ്രസരത്തിൻ്റെയും ഈ കാലഘട്ടത്തിൽ, മാതൃഭാഷയുടെ പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യം, അത് പഠിക്കേണ്ടതിൻ്റെ ആവശ്യകത, മാതൃഭാഷയോടുള്ള അവഗണന / മാതൃഭാഷയോടുള്ള നമ്മുടെ മനോഭാവം എന്നിവയെക്കുറിച്ച് തൻ്റെ അനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വ്യക്തമാക്കുന്നു.സാംസ്‌കാരിക അധിനിവേശത്തിന്റെ അപകടങ്ങൾ ബോധ്യപ്പെടുത്തുന്ന ലേഖനമാണ് മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി.
മാതൃഭാഷ നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി' എന്ന ശീർഷകം വളരെ ഉചിതമാണ്. ഒരു നദി ജീവജലവും സമൃദ്ധിയും നൽകുന്നതുപോലെ, മാതൃഭാഷ നമ്മുടെ ചിന്തകൾക്കും വികാരങ്ങൾക്കും സാംസ്കാരിക പശ്ചാത്തലത്തിനും ജീവൻ നൽകുന്നു. അത് നമ്മുടെ ഉള്ളിൽ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ശക്തിയാണ് എന്ന ആശയം ശീർഷകത്തിലൂടെ വ്യക്തമാക്കുന്നു.ലേഖകൻ (പ്രകാശ് രാജ്), മകൾ, ഭാര്യ, വഴിയോരക്കടയിലെ വൃദ്ധ, സോഫ്റ്റ്‌വെയർ ജീവനക്കാരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ
മകളുമൊത്തുള്ള ഒരു പച്ചക്കറി കടയിലെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന മകൾക്ക് ഒരു തദ്ദേശീയ കച്ചവടക്കാരിയോട് ആശയവിനിമയം നടത്താൻ കഴിയാതെ വന്നപ്പോൾ തൻ്റെ മകൾക്ക് മാതൃഭാഷ അറിയാത്തതിലുള്ള വേദനയും കോപവും അദ്ദേഹം തിരിച്ചറിയുന്നു. മാതൃഭാഷക്ക് പ്രാധാന്യം നൽകാതെ മറ്റ് ഭാഷകൾ പഠിപ്പിച്ചതിന് അദ്ദേഹം ഭാര്യയുമായി വഴക്കിടുന്നു.
പ്രകാശ് രാജിൻ്റെ മാതൃഭാഷ കന്നഡയാണ്. കന്നഡ താൻ സ്വാഭാവികമായും എളുപ്പത്തിലും പഠിച്ചു. മറ്റ് ഭാഷകളെല്ലാം തൊഴിൽപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് താൻ പഠിച്ചത്. മാതൃഭാഷ നല്ലവണ്ണം പഠിച്ചത് കൊണ്ടാണ് മറ്റ് ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ സാധിച്ചത് എന്ന് അദ്ദേഹം പറയുന്നു.ഹൃദയത്തിന്റെ / ആത്മാവിന്റെ ഭാഷയാണ് മാതൃഭാഷ. വ്യക്തിപരമായ അനുഭവങ്ങളിലൂടെ പ്രമേയത്തെ സമീപിക്കുന്ന ഒരു രചനാശൈലിയാണ് ലേഖകൻ്റേത്. ചോദ്യങ്ങളും സംഭാഷണങ്ങളും ഉദാഹരണങ്ങളും ഉപമകളും ഉപയോഗിച്ച് ആശയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നു. ലളിതവും വ്യക്തവുമായ ഭാഷാശൈലി വായനക്കാരെ ആകർഷിക്കുന്നു.
ഒരു മനുഷ്യന് സംസ്കാരവും വ്യകതിത്വവും പകരുന്നത് അവന്റെ മാതൃഭാഷയാണ്. ഒരു ഭാഷ പഠിക്കുക എന്നാൽ ആ ജനതയുടെ സംസ്കാരത്തെയും ജീവിതരീതിയെയും അടുത്തറിയുക എന്നതാണ്. മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാതെ കേവലം സംസാരത്തിനുള്ള ഒരു ഉപാധിയായി മാത്രം ഭാഷയെ കാണുന്ന ഇന്നത്തെ തലമുറയുടെ ചിന്താഗതിയെ അദ്ദേഹം വിമർശിക്കുന്നു. തെലുങ്ക് സംസാരിക്കുന്ന രണ്ട് പ്രദേശങ്ങളിലെ ജനങ്ങൾ ഒരേ കാര്യം രണ്ട് രീതിയിൽ പറയുന്ന ഉദാഹരണത്തിലൂടെ പ്രാദേശിക ഭാഷകൾ എങ്ങനെ അവിടത്തെ സംസ്കാരത്തെയും ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരൻ മാതൃഭാഷയായ കന്നഡ സംസാരിക്കാൻ അറിയാത്തതിനെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ചിരിയും കോപവും ഒരുമിച്ചു വന്നു. പലപ്പോഴും നഗരങ്ങളിലെ വിദ്യാലയങ്ങളിലും വീടുകളിലും മാതൃഭാഷ അവഗണിക്കപ്പെടുന്നു. ഇംഗ്ലീഷ് അറിയില്ലെങ്കിൽ ജീവിതത്തിൽ ഒന്നുമില്ലെന്നുള്ള ഒരു അപകർഷതാബോധം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല, അത് നമ്മുടെ സംസ്കാരത്തിൻ്റെയും അസ്തിത്വത്തിൻ്റെയും ആണിക്കല്ലാണ്. മാതൃഭാഷയെ അവഗണിച്ചാൽ നമ്മുടെ അസ്തിത്വം തന്നെ നഷ്ടമാകും.
ബ്രിട്ടീഷുകാർ അവരുടെ ഭാഷയെ ഒരു ആയുധമായി ഉപയോഗിച്ച് നമ്മളെ ഭരിച്ചതിനെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇംഗ്ലീഷ് ഭാഷയുടെ അനാവശ്യമായ ഉപയോഗം നമ്മുടെ സംസ്കാരത്തെയും ബന്ധങ്ങളെയും എങ്ങനെ മാറ്റിയെഴുതുന്നു എന്നതിനും അദ്ദേഹം ഉദാഹരണം നൽകുന്നു. 'ഇളയച്ചൻ', 'വല്യച്ഛൻ' തുടങ്ങിയ ബന്ധങ്ങളുടെ സ്ഥാനത്ത് 'അങ്കിൾ', 'ആന്റി' എന്നിങ്ങനെയുള്ള വിളികൾ വരുന്നു. മഴയില്ലാത്ത നമ്മുടെ നാട്ടിലെ കുട്ടികൾ 'റെയിൻ റെയിൻ ഗോ എവേ' എന്ന് പാടുന്നതിലെ അർത്ഥമില്ലായ്മയെയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.സാംസ്‌കാരിക അധിനിവേശം എപ്രകാരമാണ് നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്നതെന്ന് പ്രകാശ് രാജ് പറയുന്നു
ജാതിയെ വേണമെങ്കിൽ മാറ്റാം എന്നാൽ മാതൃഭാഷയെ മാറ്റാൻ കഴിയില്ല. മാതൃഭാഷയെ ഉപേക്ഷിക്കുന്നത് പെറ്റമ്മയെ ഉപേക്ഷിക്കുന്നത് പോലെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. മാതൃഭാഷ നമ്മളുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി പോലെയാണെന്നും അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ഒരു അഭിനേതാവെന്ന നിലയിലും, ഒരു സാധാരണ പൗരനെന്ന നിലയിലും തനിക്കുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ, പ്രകാശ് രാജ് തൻ്റെ ചിന്തകൾ നേരിട്ടും സത്യസന്ധമായും അവതരിപ്പിക്കുന്നു. തൻ്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ സ്വന്തം ജീവിതത്തിൽ നിന്നും ഉദാഹരണങ്ങൾ നിരത്താൻ അദ്ദേഹം മടിക്കുന്നില്ല. സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുള്ള ഒരു വ്യക്തിയാണ് ലേഖകൻ എന്ന് ഈ രചനയിലൂടെ മനസ്സിലാക്കാം.