ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

ബാഗ്ദാദ് - മുരുകന്‍‌ കാട്ടാക്കട



മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങൾ(2)

ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2)
കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു

ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികൾ(2)
കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു

അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2)
ഇതു ബാഗ്ദാദാണമ്മ..(2)

തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്

അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി

സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം
ഇതു ബാഗ്ദാദാണമ്മ..(2)

ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)

സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു(2)

കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകൾ(2)
ഇതു ബാഗ്ദാദാണമ്മ..(2)

ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തിൽ
പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക

ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക
അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും

രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും

നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും
തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്

പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം
പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ(2)

പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങൾ(2)
കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ

മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം(2)
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2)
ഇതു ബാഗ്ദാദാണമ്മ..(2)

ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം
ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം

ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്(2)
അറബിക്കഥയിലെ ബാഗ്ദാദ്…(4)

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results