ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

പുതുവർഷം

ഓണത്തെക്കുറിച്ച് എഴുതാത്ത കവികൾ കുറവാണ്. നന്മനിറഞ്ഞ ഭൂതകാലത്തിന്റെ വിശുദ്ധസ്മരണയാലും നേടാനുള്ള നല്ല കാലത്തിന്റെ സമ്മോഹന സ്വപ്നമായുമെല്ലാം അവരതിനെ ഭാവനയിൽ കണ്ടു.
അക്കൂട്ടത്തിൽ ശ്രദ്ധേയമാണ് വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത. ഈ കവിതയ്ക്കു പുറമെ തിരുവോണം, ഓണത്തിനൊരു പാട്ട് എന്നീ ഓണക്കവിതകളും വിജയലക്ഷ്മിയുടെതായിട്ടുണ്ട്. നാഗരിക ജീവിതത്തോടുള്ള അസംതൃപ്തിയാണ് എല്ലാ ഓണക്കവിതകളിലും കവയിത്രി പങ്കിടുന്നത്. നിർഗന്ധപുഷ്പങ്ങൾ തൻ നഗരോദ്യാനം എന്ന് അവർ ആ അനുഭവത്തെ അടയാളപ്പെടുത്തുന്നു. ഒപ്പം നഷ്ടസൗഭാഗ്യങ്ങളെക്കുറിച്ച് ഓർത്ത് വേദനിക്കുന്നു.


കവിതയിലെ ബിംബങ്ങൾ

പുതുവർഷം എന്ന വിജയലക്ഷ്മിയുടെ കവിത വിജയലക്ഷ്മിയുടെതന്നെ മറ്റ് ഓണക്കവിതകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. നിരവധി വൈരുദ്ധ്യങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് കവിത നിലനിൽക്കുന്നത്. നന്മ-തിന്മ, ഗ്രാമം-നഗരം, അമ്മ-അനാഥത്വം, ആനന്ദം-ആകുലത, ബാല്യം-യൗവനം, ഓർമ-വർത്തമാനം എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിലൂടെ ഓണത്തെയും അമ്മയെയും ആവിഷ്കരിക്കാനുള്ള ശ്രമമാണ് പുതുവർഷം. യഥാർഥത്തിൽ പുതുവർഷം ഓണക്കവിതയല്ല, അമ്മക്കവിതയാണെന്നു പറയാം.
അമ്മ ഒരു ഉദാത്ത ബിംബമായി ഈ കവിതയിൽ ആവിഷ്കരിക്കപ്പെടുന്നു. അമ്മ= നന്മ, അമ്മ = ഓണം, അമ്മ= സത്യം, അമ്മ= ആനന്ദം, അമ്മ = ഗ്രാമീണത, അമ്മ = യാഥാർഥ്യം, അമ്മ = തുമ്പ എന്നിങ്ങനെ അമ്മവിശുദ്ധിയുടെ പ്രതിനിധാന ജാലംതന്നെ തീർക്കുന്നുണ്ട് കവയിത്രി. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന ഒരു ബാല്യകാലത്തിന്റെ സ്മരണകളിൽനിന്നാണ് കവിത ആരംഭിക്കുന്നത്.
അമ്മയുടെ ശാസനയേറ്റ് നടന്ന കാലത്തിന് അപ്പുറമായി അമ്മയുടെ പറച്ചിലുകളിൽനിന്ന് മകൾ തന്റെ ഓണസങ്കല്പത്തെ നെയ്തെടുക്കുകയാണ്. ആ സങ്കല്പവും ഓണത്തിൽ ജീവിച്ച അവളുടെ യാഥാർഥ്യവും തമ്മിൽ കുട്ടിക്കാലത്ത് കാര്യമായ അന്തരമൊന്നും അവൾക്ക് തോന്നുന്നില്ല. 
 
 
വിജയലക്ഷ്മിയുടെ 'വിജയലക്ഷ്മിയുടെ കവിതകൾ ' എന്ന കൃതിയിൽ നിന്ന് എടുത്തതാണ് പാഠഭാഗം .പോയ കാലത്തിന്റെ ഓർമ്മകളും അവയെക്കുറിച്ചുള്ള നഷ്ടബോധവും പുതിയ വർഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവയ്ക്കുന്ന കവിതയാണിത്.

അമ്മ പറയുന്നതിനപ്പുറം മറ്റൊന്നുമില്ലാത്ത ഒരു ബാല്യകാലമായിരുന്നു കവയിത്രിയുടേത്. ഓണപ്പാട്ടുകൾ പാടി പൂക്കൾ ശേഖരിച്ച് പൂക്കളമിട്ട് ഓണം ആഘോഷിച്ചിരുന്നു.
കുഞ്ഞുടുപ്പിട്ടു അമ്മയോടൊപ്പം ക്ഷേത്രത്തിലേക്ക് പടികൾ എണ്ണിക്കയറി പോയതും,പ്രാർത്ഥിച്ചാൽ കരിവളകൾ കാപ്പായിത്തീരുമെന്ന് അമ്മ പറഞ്ഞതും ഓർക്കുന്നു. പുസ്തകസഞ്ചിയിൽ പച്ച പ്പുളിയും നെല്ലിക്കയും ഒളിപ്പിച്ചുവെച്ച വിദ്യാലയ കാലം ..... എല്ലാവരോടും കൂട്ടുകൂടി പുഞ്ചിരിച്ച് സ്നേഹത്തോടെ കഴിഞ്ഞ കാലമാണത്. അക്കാലത്ത് അമ്മയോടൊപ്പം പൂക്കളം തീർത്തതും മുറ്റത്തെ ഐശ്വര്യം ഉണ്ടാക്കുന്ന ആ പൂക്കളത്തിലെ തുമ്പപ്പൂ പോലെ അമ്മ നിന്നതും ഓർക്കുന്നു.

ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ കാലമാണ് കൗമാരം .ശരീരവും മനസ്സും സുഖങ്ങൾക്ക് പിന്നാലെ പായുന്ന അപകടം നിറഞ്ഞ കാലം കൂടിയാണത്. ആകുല ചിന്തകൾ, തീരാത്ത പക, തിളക്കുന്ന സ്നേഹം ഇവയെല്ലാം കൗമാരത്തിലെ പ്രത്യേകതകളാണ്. എവിടെയും പതിയിരിക്കുന്ന കൗമാരത്തിൽ ആരോടും ചേരുവാൻ ആകാതെ വെറുപ്പും പകയും മനസ്സിൽ നിറഞ്ഞു നിൽക്കും. വൈദ്യുത തരംഗം പോലെ ആപത്ത് ആയിട്ട് തീരുന്ന കാലമായിട്ടാണ് കവയിത്രി കൗമാരത്തെ അവതരിപ്പിച്ചിരിക്കുന്നത് .

യൗവനത്തിൽ ആകട്ടെ ജീവിതത്തിലെ എല്ലാ സുഖങ്ങളും അനുഭവിച്ചാലും മതിവരാത്ത ഘട്ടമാണ്. ജീവിതാനന്ദങ്ങൾകാട്ടുതേൻ തന്നും എല്ലാ കുസൃതികളും കാട്ടിയും രസിപ്പിച്ചാലും അതൊന്നും പോരാ എന്ന് രക്തവും മാംസവും മജ്ജയും പോലും നോവോടെ
ഉച്ചത്തിൽ ആർത്തു വിളിക്കുന്ന
കാലം. അതിനിടയിൽ ഓണവും പൂവും മറന്ന മലയാള നാടിനെ വേദനയോടെ കവയിത്രി നോക്കി നിൽക്കുന്നു.

വീടുവയ്ക്കാൻ ഇത്തിരി മണ്ണ് പോലും ഇല്ലാതെ കഴിയുന്ന ഒരുപാട് പേര്. കൂടുപോലെയുള്ള ധാരാളം കൊച്ചു വീടുകൾ . ചെടികളും പൂക്കളും ഇല്ലാതായി .ജീവിതം ഫ്ലാറ്റുകളിലേക്ക് ഒതുങ്ങി .ഫ്ലാറ്റിൽ നിന്ന് കാണുന്ന കാഴ്ചകളിലേക്ക് നാം ചുരുങ്ങി. ബാൽക്കണിയിൽ നിന്ന് താഴേക്കു നോക്കുമ്പോൾ അവിടെയുള്ള ഇത്തിരി മണ്ണിൽ വിനീതനായി നിൽക്കുന്ന തുമ്പച്ചെടിയെ കാണുന്നു. തുമ്പ അമ്മയുടെ മുഖം ഓർമിപ്പിക്കുന്നു. എല്ലാറ്റിനും മീതെ അമ്മയുടെ മുഖം സ്നേഹത്തിന്റെ പ്രതീകമായി പ്രകാശിക്കുമ്പോൾ മറ്റൊരു പൂക്കളത്തിന്റെ ആവശ്യമില്ല എന്ന് കവയിത്രി ആശ്വസിക്കുന്നു.

ഇരുട്ടിനെ മാറ്റി സൂര്യനുദിച്ചു വരുന്നതുപോലെ ഓണപ്പുലരി യിൽ എല്ലാ ദുഃഖങ്ങളും നീക്കി തന്റെ വീട്ടിലേക്ക് അമ്മ വന്നുദിക്കും എന്ന് കവയിത്രി പറയുന്നു. അമ്മ വരുന്നതോടെ അടുത്ത വർഷം ഐശ്വര്യ പൂർണ്ണമാകുമെന്ന് പ്രതീക്ഷിക്കുന്നു. അറിവും സ്നേഹവും ഈശ്വരചൈതന്യവും നിറച്ച് ജീവിതത്തിൽ ഐശ്വര്യവും പ്രത്യാശയും പകർന്നു പുതിയ വർഷം ഏറ്റവും മികച്ചതാകുമെന്ന ശുഭപ്രതീക്ഷയാണ് 'പുതുവർഷം' എന്ന കവിത പങ്കുവയ്ക്കുന്നത്.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results