ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

Friday

സന്ദര്ശനം


വീഡിയോ കാണുവാൻ

ബാലചന്ദ്രന് ചുള്ളിക്കാട്


അധികനേരമായ് സന്ദര്ശകര്ക്കുള്ള
മുറിയില് മൗനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ-
പ്പകല് വെളിച്ചം പൊലിഞ്ഞുപോകുന്നതും,
ചിറകു പൂട്ടുവാന് കൂട്ടിലേക്കോര്മ്മതന്
കിളികളൊക്കെപ്പറന്നുപോകുന്നതും,
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില് നമ്മള് നഷ്ടപ്പെടുന്നുവോ...?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ടു പൊന് ചെമ്പകം പൂത്ത
കരളുപണ്ടേ കരിഞ്ഞുപോയെങ്കിലും,
കറപിടിച്ചൊരെന് ചുണ്ടില്തുളുമ്പുവാന്
കവിതപോലും വരണ്ടുപോയെങ്കിലും
ചിറകുനീര്ത്തുവാനാവാതെ തൊണ്ടയില്
പിടയുകയാണൊരേകാന്തരോദനം.
സ്മരണതന് ദൂരെസാഗരം തേടിയെന്
ഹൃദയരേഖകള് നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരില്ത്തുടുത്ത നിന്
വിരല്തൊടുമ്പോള്ക്കിനാവു ചുരന്നതും,
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്തന്
കിരണമേറ്റെന്റെ ചില്ലകള് പൂത്തതും,
മറവിയില് മാഞ്ഞുപോയ നിന് കുങ്കുമ-
ത്തരിപുരണ്ട ചിദംബരസന്ധ്യകള്.
മരണവേഗത്തിലോടുന്ന വണ്ടികള്,
നഗരവീഥികള്, നിത്യപ്രയാണങ്ങള്,
മദിരയില് മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്, സത്രച്ചുമരുകള്.
ചില നിമിഷത്തിലേകാകിയാം പ്രാണന്
അലയുമാര്ത്തനായ് ഭൂതായനങ്ങളില്.
ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം
കരുണമാം ജനനാന്തരസാന്ത്വനം.
നിറമിഴിനീരില് മുങ്ങും തുളസിതന്
കതിരുപോലുടന് ശുദ്ധനാകുന്നു ഞാന്.
അരുതു ചൊല്ലുവാന് നന്ദി; കരച്ചിലിന്
അഴിമുഖം നമ്മള് കാണാതിരിക്കുക.
സമയമാകുന്നു പോകുവാന്-- രാത്രിതന്
നിഴലുകള് നമ്മള് പണ്ടേ പിരിഞ്ഞവര്..

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results