വിശപ്പ് മനുഷ്യന്റെ അടിസ്ഥാന വികാരമാണ്. അന്നത്തിനുവേണ്ടിയുള്ള പോരാട്ടമാണ് അവന്റെ അതിജീവനം സാധ്യമാക്കിയത്. അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ചറിഞ്ഞ്, പട്ടിണിപ്പാവങ്ങള്‍ക്ക് കഞ്ഞി വിളമ്പുന്ന നന്മയുടെ ആള്‍രൂപമായ ഒരമ്മ, ദിവസവും സുഭിക്ഷമായി ഭക്ഷണം കഴിക്കുകയും ഒരുനേരം അതില്ലാതായപ്പോള്‍ പിണങ്ങുകയും പിന്നീട് തിരിച്ചറിവുണ്ടാകുന്നതുമായ കുട്ടി. ഇവരെ കുറിച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ 'വേദം'.
വൈദേശികാധിപത്യവും യുദ്ധക്കെടുതികളും കേരളത്തിലെ മിക്ക ഗ്രാമങ്ങളെയും പട്ടിണിയിലാഴ്ത്തിയിരുന്ന കാലം. ഉമ്മ വിളമ്പിയ ചോറിനു മുന്‍പില്‍ കുട്ടി വെറുതെ മുഖം കറുപ്പിച്ചിരിക്കുകയാണ്. ഉപ്പേരിയും കറിയും മീനും ഒന്നുമില്ല. പപ്പടം 'വട്ട'ത്തിലാണിരിക്കുന്നത്. ചോറുവിളമ്പിയ പാത്രത്തില്‍ ചുവന്നുള്ളികൊണ്ടുള്ള കുറച്ചു ചമ്മന്തി മാത്രമേ കറിയായിട്ടുള്ളൂ... അവനു വല്ലാത്ത ദേഷ്യം തോന്നി. ഉടന്‍തന്നെ അവന്‍ പാത്രത്തിനു മുന്‍പില്‍നിന്ന് എഴുന്നേറ്റു നടന്നു. അപ്പോള്‍ വടക്കിനി മുറ്റത്ത് ഒരാള്‍ക്കൂട്ടം. പട്ടിണിപാവങ്ങളായ അയല്‍ക്കാരായിരുന്നു അവിടെ കൂടിയിരുന്നത്. അവര്‍ക്കെല്ലാം ഉമ്മ കഞ്ഞി വിളമ്പുന്നു. കിണ്ണത്തില്‍ ഒന്നോ രണ്ടോ വറ്റു മാത്രമുള്ള കഞ്ഞിവെള്ളം വിശന്നുപൊരിഞ്ഞ അവര്‍ ആര്‍ത്തിയോടെ മോന്തിക്കുടിക്കുന്നു. അച്ചനമ്മമാരും കുട്ടികളും പരസ്പരം തള്ളിമാറ്റുന്നതും കലമ്പുന്നതും അവന്‍ കണ്ടു. കുറച്ചുപേര്‍ കഞ്ഞികുടിച്ച് പിരിഞ്ഞുപോകുമ്പോള്‍ പുതുതായി ചിലര്‍ വന്നുചേരുന്നു. സ്‌നേഹത്തോടെ ഓരോരുത്തര്‍ക്കും ഉമ്മ കഞ്ഞി വിളമ്പിക്കൊടുക്കുന്നു. അതിനിടയില്‍ മകനെ ദൂരെകണ്ട് ഉമ്മ അവന്റെ അരികിലെത്തി പറഞ്ഞു: ''എനിക്ക് തിരക്കായതുകൊണ്ട് മീന്‍ കറി ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ കാണുന്ന പട്ടിണിക്കാര്‍ക്കെല്ലാം കഞ്ഞി വേണ്ടേ? ചമ്മന്തിയും ചോറും കഴിച്ച് ഇപ്പോള്‍ സ്‌കൂളിലേക്ക് പോവുക. നാലുമണിക്ക് നീ വരുമ്പോഴേക്കും ഞാന്‍ അയലക്കറി ഉണ്ടാക്കിവെക്കാം.'' ഇത്രയും പറഞ്ഞ് ഉമ്മ കഞ്ഞി വിളമ്പിക്കൊടുക്കാന്‍ പോയി. അതോടെ അവന്റെ മനസ്സിലെ ദേഷ്യവും വിഷമവുമെല്ലാം വെന്തെരിഞ്ഞു. ചോറുണ്ണാതെ മറ്റുള്ളവര്‍ക്ക് കഞ്ഞി വിളമ്പുന്ന ഉമ്മയെ കണ്ടപ്പോള്‍ അവനു തെറ്റു മനസ്സിലായി. അവനൊട്ടും വൈകിയില്ല. അവന്‍ തന്റെ ചോറുമായി ഉമ്മയുടെ പിന്നില്‍ പതുങ്ങിയെത്തി. ''ഉമ്മാ... എന്റെ ചോറും ഈ കഞ്ഞിവെള്ളത്തിലിട്ട് വിളമ്പിക്കൊടുക്കുക.'' എന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് ഉമ്മ അവനെ മാറോട് ചേര്‍ത്തുപിടിച്ചു വിതുമ്പി. 'ഏതറിഞ്ഞാലാണോ എല്ലാമറിയുന്നത് ആ വേദം വിശപ്പാണെന്നറിഞ്ഞാല്‍, വിശന്നിരിക്കുന്നവരില്‍ ഈശ്വരനെ കാണാന്‍ നിനക്കു സാധിക്കും.' എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദമറിഞ്ഞാല്‍ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്നത്. ഉമ്മയുടെ വേദം വിശപ്പാണ്. മഹദ് ഗ്രന്ഥങ്ങളിലുള്ള അറിവിനേക്കാള്‍ പ്രധാനമാണ് മനുഷ്യന്റെ വേദനകള്‍ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മയുടെ ദര്‍ശനം. അന്യന്റെ വിശപ്പറിയാതെ, അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യങ്ങളറിയാതെ ജീവിതം പാഴാക്കുന്ന മനുഷ്യര്‍ക്കുള്ള മറുപടിയും വെളിച്ചവുമാണ് യൂസഫലി കേച്ചേരിയുടെ 'വേദം' എന്ന ഈ കവിത.
വീഡിയോ ലിംങ്ക്.
വീഡിയോ ലിംങ്ക്.